കൊലപാതകം എന്ന് സംശയം; കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കാണാതായ യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുണ്ടുപാലത്ത് ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ടുദിവസം മുൻപ് വീട്ടിൽ നിന്നുപോയ ഇയാൾ തിരികെ എത്തിയിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
മുണ്ടുപാലത്തെ വാടക വീട്ടിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെരീഖിന്റെ സുഹൃത്താണെന്നുപറഞ്ഞ് പന്തീരാങ്കാവ് പൊലീസിൽ ഒരാൾ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയും ഇയാൾ വിവരം അറിയിച്ചു. മുഹമ്മദ് അഷ്‌റഫ് എന്നാണ് തന്റെ പേരെന്നും ഷരീഖിനെ മർദ്ദിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഷരീഖിന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഷരീഖ് എങ്ങനെയാണ് മുണ്ടുപാലത്തെത്തിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. അഷ്‌റഫിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷരീഖിന്റെ മൃതദേഹത്തിൽ രക്തക്കറയൊന്നും കണ്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
