തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ ഈ മാസം 31 മുതൽ കോഴിയിറച്ചി വിൽപന അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുന്നു. ബ്രോയിലർ കമ്പനികൾ സർക്കാർ നിർദേശിച്ച തീറ്റനിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് തമിഴ്‌നാട് ചിക്കൻ ട്രേഡേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. 

സർക്കാർ ചട്ടപ്രകാരം ഫാമിൽ നിന്ന് കോഴികളെ കൊണ്ടുപോകുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ നൽകുന്നത് അവസാനിപ്പിക്കണം. ഈ ചട്ടം ലംഘിക്കുന്നതിനാൽ ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് കോഴികളുടെ ഗതാഗതവും വിൽപനയും നടക്കുന്നതെന്നാണ് ആരോപണം.

കേരളത്തിൽ വിൽക്കുന്ന ബ്രോയിലർ കോഴിയുടെ വലിയൊരു വിഹിതം തമിഴ്‌നാട്ടിൽനിന്ന് എത്തുന്നതിനാൽ തീരുമാനം സംസ്ഥാനത്തെ കോഴിവിപണിയെ ബാധിക്കും.