പ്രഭാത വാർത്തകൾ
2026 ജൂലൈ 10, വെള്ളി
1201 മിഥുനം 26, ഭരണി
1448 മുഹർറം 24
◾ വീണ്ടും ഫ്രഞ്ച് വിപ്ലവം. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. 60 ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുന്‍പേ, 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
◾ പി എസ് സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാന്‍ ഐ ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരാണ് അംഗങ്ങള്‍. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ സമര്‍പ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
◾ പിഎസ്സി പരീക്ഷ ക്രമക്കേടില്‍ ഒരേ സമയം പിഎസ്സി ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡ്സട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ പരീക്ഷ ക്രമക്കേടില്‍ പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി ആഭ്യന്തര വിജിലന്‍സ് എടുത്തു.
◾ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം ഇന്നു തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
◾ ഡല്‍ഹിയില്‍ കേരളത്തിന്റെ 'യഥാര്‍ഥ അംബാസിഡര്‍മാരായി' എല്ലാ എംപിമാരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന എം പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റണമെന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. കൂട്ടപ്പന സ്വദേശി രാജേഷ് കുമാര്‍ (52) ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാന്‍ അനുവദിച്ചില്ലെന്നും ക്യുവില്‍ നിര്‍ത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.
◾ വിഴിഞ്ഞം ഓഹരി വിവാദത്തില്‍ അഴിമതി ആരോപിച്ച പാര്‍ട്ടി നിലപാട് ഏറ്റെടുക്കാതെ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. പദ്ധതിയില്‍ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം ഉന്നയിക്കാന്‍ താനില്ലെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾ നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിറകേ നേതൃത്വത്തില്‍ മാറ്റം വരുത്തുന്ന രീതി സി പി എമ്മില്‍ ഇല്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും വ്യക്തിപരമായ ഒന്നല്ലെന്നും അവര്‍ പറഞ്ഞു.
◾ ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. ഓരോ ദിവസം എത്ര ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി അവലോകന യോഗം ചേര്‍ന്ന് റോഡ് നിര്‍മ്മാണം, ഇടത്താവള നവീകരണം, അപ്പം-അരവണ നിര്‍മ്മാണം തുടങ്ങിയവയെ കുറിച്ച് വിലയിരുത്തി.
◾ ആറുമാസം പിന്നിട്ട പാലാ നഗരസഭാ ഭരണത്തിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. ഇതോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. മിടുക്കിയായി ഭരണം നടത്താന്‍ 'അപ്പന്റെ ധാര്‍ഷ്ട്യം' മാത്രം പോരെന്നു കൗണ്‍സിലര്‍മാര്‍ പരിഹസിച്ചു.
◾ നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി.
◾ കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വണ്‍മാന്‍ ഷോ ഭരണമെന്നു താന്‍ പറഞ്ഞതായി ഫേസ് ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.
◾ തിരുവനന്തപുരത്തെ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറടക്കം 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
◾ സോളാര്‍ ഉപഭോക്താക്കളുടെ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകള്‍ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം പുതിയ നോട്ടീസ് നല്‍കുമെന്നും, ഇതിനകം തുക അടച്ചവര്‍ക്ക് പണം തിരികെ നല്‍കുകയോ ബില്ലില്‍ ക്രമീകരിക്കുകയോ ചെയ്യും.
◾ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതില്‍ കെ.കെ. രാഗേഷിന്റെ വിമര്‍ശനത്തെ തള്ളി സിപിഎം നേതാവ് കെ.കെ. ശൈലജ. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്ഥലംമാറ്റങ്ങള്‍ സ്വാഭാവികമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും ശൈലജ പറഞ്ഞു.
◾ പതിമ്മൂന്നുകാരിയുടെ വ്യാജ പോക്സോ പരാതിയില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം. സിഐക്കെതിരേയും നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണത്തില്‍ കൂടല്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി. ഹൃദ്രോഗിയായ 20 കാരന്‍ ആഭ്യന്തര മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
◾ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ കൂട്ടാളിയും അറസ്റ്റില്‍. പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശിയും വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ നേരത്തെ എംഡിഎംഎയുമായി അറസ്റ്റിലായിരുന്നു. കൂട്ടാളിയായ എഴുമറ്റൂര്‍ സ്വദേശി സുമിത് മോഹനന്‍ (37) ആണ് ഇന്നലെ അറസ്റ്റിലായത്.
◾ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടു കാണാനെന്നു പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് നാലു പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവതി അറസ്റ്റില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് പിടികൂടിയത്.
◾ കോഴിക്കോട് നഗരത്തില്‍നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. കോഴിക്കോട് കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാര്‍ട്ടേഴ്‌സില്‍ റഹ്‌മത്ത്(41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ അനില്‍ കുമാര്‍ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ(42), കല്ലായി ചക്കുംകടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ(43), വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടില്‍ സൗദ (45), മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾ കള്ളാടി ദുരന്തബാധിതര്‍ക്കുള്ള ക്യാമ്പിലെ കുട്ടികള്‍ക്ക് മന്ത്രി ടി സിദ്ദിഖ്, പ്രിയങ്ക ഗാന്ധി നല്‍കിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.
◾ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ ആലപ്പുഴ മാവേലിക്കര പൊലീസ് കേസെടുത്തു.
◾ പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 50-ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴല്‍ക്കിണറില്‍ കലര്‍ന്നതാണ് കാരണമെന്ന് സംശയിക്കുന്നു.
◾ മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ചികിത്സാ പിഴവെന്ന പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.
◾ കൊല്ലം മുന്‍ എംഎല്‍എ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. മുകേഷ് എംഎല്‍എ ബോര്‍ഡ് മാറ്റിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി.
◾ തിരുവനന്തപുരം തിരുവല്ലം ടോള്‍പ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
◾ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ തീരുമാനം തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമര്‍ശിച്ചു. ഇന്നു നിയമന ഉത്തരവു കൈമാറുമെന്നാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നത്.
◾ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറില്‍ നിര്‍മ്മിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതി ഉപേക്ഷിച്ച് ടിവികെ സര്‍ക്കാര്‍. പരന്തൂറില്‍ ഏറ്റെടുത്ത ഭൂമി റണ്‍വേ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തീരുമാനം.
◾ കര്‍ണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ദേശീയപാത 52-ല്‍ യെല്ലാപുര്‍ അര്‍ബെയ്ല്‍ ചുരത്തില്‍ ലോറിയും ഫോഴ്സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
◾ മഹാരാഷ്ട്ര നാന്ദേഡില്‍ നാന്ദേഡ്-ലാത്തൂര്‍ ഹൈവേയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. പുലര്‍ച്ചെ ഉണ്ടായ ഭൂചലനമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.
◾ മഹാരാഷ്ട്ര താനെയിലെ ആശുപത്രിയില്‍ ശിവസേന നേതാവിന്റെ മര്‍ദനത്തിനിരയായ ഡോക്ടര്‍മാരില്‍ ഒരാള്‍ രാജിവച്ചു. ഭയംകാരണമാണ് രാജിവച്ചതെന്നും താനെയില്‍നിന്ന് മടങ്ങിയെന്നും ഡോക്ടര്‍.
◾ യുക്രൈന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്. അതേസമയം, നാവികന്‍ കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു.
◾ അയോധ്യ ക്ഷേത്രത്തില്‍നിന്ന് കടത്തിയ വഴിപാട് പണം പ്രതികള്‍ ഓഹരി വിപണിയിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. പ്രതികളുടെയും ബന്ധുക്കളുടെയുമടക്കം 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അന്വേഷണം ജീവനക്കാരില്‍ ഒതുക്കുമെന്ന പരോക്ഷ സൂചനയാണു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്.
◾ മൂന്നുപതിറ്റാണ്ടായി രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പു നടത്തിയ 69-കാരന്‍ വീണ്ടും പിടിയിലായി. തമിഴ്നാട് സ്വദേശിയായ ബിങ്സണ്‍ ജോണിനെയാണ് ഛത്തീസ്ഗഢിലെ റായ്പുര്‍ പൊലീസ് ഒഡീഷയില്‍നിന്ന് അറസ്റ്റ്ചെയ്തത്.
◾ കനത്ത മഴയിലും ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന കോക്റോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള റെയിന്‍ കോട്ടുകളും ടാര്‍പായകളും പോലീസ് തടഞ്ഞു. രാത്രിയിലുടനീളം പെയ്ത കനത്ത മഴ ചെറുക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞെന്ന് സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ആരോപിച്ചു.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരായിരുന്ന മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾ ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ എത്തിയ വാഹനം പ്രസന്ന അടക്കം മൂന്നുപേര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
◾ ഇറാനെ ചൈനയുമായും റഷ്യയുമായും ബന്ധിപ്പിക്കുന്ന വടക്കന്‍ ഇറാനിലെ ഗൊലെസ്താവനിലെ 'ഒഗ്തായി ഖാന്‍' റെയില്‍വേ പാലം അമേരിക്കന്‍ സൈന്യം ക്രൂയിസ് മിസൈലിട്ടു തകര്‍ത്തു. ടെഹ്റാനില്‍നിന്നു വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇറാനിലെ പാലങ്ങളും റെയില്‍വേ ട്രാക്കുകളും ചബഹര്‍ തുറമുഖത്തെ കണ്‍ട്രോള്‍ റൂമും അമേരിക്ക തകര്‍ത്തു. 14 പേര്‍ മരിച്ചു. തിരിച്ചടിയായി ബഹറൈനിലും കുവൈത്തിലും ഖത്തറിലും ജോര്‍ദാനിലും ഇറാന്‍ ആക്രമണം നടത്തി. അമേരിക്ക തകര്‍ത്ത റെയില്‍പാതയിലെ ഒരു ലൈന്‍ 13 മണിക്കൂര്‍ കൊണ്ട് ഇറാന്‍ പുനഃസ്ഥാപിച്ചു. രണ്ടാം പാത ഉടന്‍ പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.
◾ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ (86) സംസ്‌കാര ചടങ്ങുകള്‍ എട്ടു മണിക്കൂര്‍ വൈകി. മൃതദേഹം വഹിച്ചുള്ള വിമാനം പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ആയത്തുല്ല അലി ഖമനയിക്ക് ഷിയാ പുണ്യകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമമേകിയ വിലാപയാത്രയില്‍ പതിനായിരങ്ങളാണു പങ്കെടുത്തത്.
◾ ഓസ്ട്രേലിയ ഇന്ത്യക്കു സമ്പുഷ്ടീകരിച്ച യുറേനിയം തരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. രാജ്യത്തെ ആണവ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. മോദി പറഞ്ഞു.
◾ പാക്കിസ്ഥാനിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ മാത്രമാണ് ഇന്ത്യ ഓപറേഷന്‍ സിന്ദൂര്‍ ആക്രമണം നടത്തിയതെന്നും അതിന്റെ പ്രകമ്പനം ലോകമെങ്ങും ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ മെല്‍ബണില്‍ പ്രവാസി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അടക്കമുള്ളവര്‍ പങ്കെടുത്തു. 'വളരൂ, നേട്ടമുണ്ടാക്കൂ' എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
◾ കിഴക്കന്‍ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഫുജിയാന്‍ പ്രവിശ്യയിലെ ജിന്‍ജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
◾ ടോമാഹോക്ക് മിസൈലുകള്‍ ജര്‍മ്മനിക്ക് വില്‍ക്കാന്‍ അമേരിക്ക അനുമതി നല്‍കി. ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
◾ അര്‍ജന്റീനയിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് ചാടി ചീഫ് പൈലറ്റ് മരിച്ചു. പറന്നുയര്‍ന്ന വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 22 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി വിമാനം സുരക്ഷിതമായി താഴെയിറക്കി. 42 കാരനായ പരിശീലകന്‍ ലിയാന്‍ഡ്രോ ആന്‍ഡ്രേസ് ബെര്‍ട്ടാസോ ആണു ജീവനൊടുക്കിയത്.
◾ മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ മുന്‍ അമേരിക്കന്‍ ജഡ്ജിക്ക് ജയില്‍ശിക്ഷയില്ല. വിസ്‌കോണ്‍സിനിലെ മുന്‍ സര്‍ക്യൂട്ട് ജഡ്ജി ഹന്ന ഡുഗനാണ് തടവുശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ക്ക് 5,000 ഡോളര്‍ പിഴ ചുമത്തി ഫെഡറല്‍ കോടതി വിട്ടയച്ചു.
◾ ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചതോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 49 പന്തില്‍ 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണുള്ളത്.
◾ കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗ്രൂപ്പില്‍ വലിയ കോര്‍പ്പറേറ്റ് പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്‌ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഗ്രൂപ്പിന്റെ ബിസിനസ് ഘടന ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ വന്‍ ലയനം. ലയിപ്പിക്കപ്പെടുന്ന ഈ 51 കമ്പനികളില്‍ ഭൂരിഭാഗവും ജുവലറി ബിസിനസുമായി നേരിട്ട് ബന്ധമുള്ളവയാണ്. കേരളത്തില്‍ നിന്ന് ആരംഭിച്ച് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായി മാറിയ മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് മൂല്യം ഉയര്‍ത്താന്‍ ഈ ലയനം സഹായിക്കും. ഗ്രൂപ്പിന് കീഴില്‍ ഇനിയും ധാരാളം കമ്പനികളുണ്ട്. ഇതും ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് സൂചന.
◾ ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്‌ഡേറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ആധാര്‍ കാര്‍ഡില്‍ ഇ-മെയില്‍ ഐഡി ചേര്‍ക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ആറുമാസം വരെ സേവനം സൗജന്യമായിരിക്കും. ആധാര്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നതോടെ, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിലെ ഇ-മെയില്‍ ഐഡി സൗജന്യമായി പുതുക്കുന്നതിനായി ഇനി മുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല. 'ഇത് ആധാര്‍ ആപ്പ് വഴി മാത്രം ലഭ്യമാകുന്ന ഒരു സൗജന്യ സേവനമാണ്. പുതിയ ആധാര്‍ ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഇ-മെയില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി, ഓരോ തവണ ആധാര്‍ ഓതന്റിക്കേഷന്‍ നടത്തുമ്പോഴും ഉപഭോക്താക്കള്‍ക്ക് തത്സമയ ഇ-മെയില്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ സഹായിക്കും.
◾ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് നിര്‍മ്മാണം. കുഞ്ചാക്കോ ബോബന്‍ നായകനായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചാവേറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് അരുണ്‍ നാരായണന്‍. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. മോഹന്‍ലാല്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇതിന് മുന്‍പ് കുഞ്ചാക്കോ ബോബന്‍- അര്‍ജുന്‍ സര്‍ജ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും.
◾ മലയാളത്തിലെ ആദ്യ ഏലിയന്‍ ചിത്രമായി നീരജ് മാധവ്, അല്‍ത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന 'പ്ളൂട്ടോ' ജൂലായ് 30ന് പ്രദര്‍ശനത്തിന് എത്തും. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കംപ്ളീറ്റ് ഫണ്‍ എന്റര്‍ടെയ്നറാണ്. ഏലിയനായി എത്തുന്നത് അല്‍ത്താഫ് സലിം ആണ്. മനുഷ്യവാസലോകത്തേക്ക് ഏലിയന്‍ വരുന്നതാണ് കഥാപരിസരം. അജുവര്‍ഗീസ്, ആര്‍ഷ ബൈജു, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, സുബിന്‍ ടാര്‍സന്‍, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. സംഗീതം-അശ്വിന്‍ ആര്യന്‍.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ആറ് വേരിയന്റുകളിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ ടെക്ടണ്‍ വിപണിയിലെത്തുന്നത്. അലയന്‍സിന്റെ 1.0ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 99 ബിച്പി കരുത്തും 166എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ലഭ്യമാകൂ. 160 ബിച്പി കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനൊപ്പം ലഭിക്കും. മൂണ്‍ബ്രോ ഗ്രേ, ഇന്‍ഡിഗോ ബ്ലൂ, ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ്, ബ്ലേഡ് സില്‍വര്‍, ഒനിക്‌സ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. കൂടാതെ അഞ്ച് ഡ്യുവല്‍-ടോണ്‍ ഷേഡുകളുമുണ്ട്. ഒനിക്‌സ് ബ്ലാക്കിനൊപ്പം മൂണ്‍ബ്രോ ഗ്രേ, ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ്, ഇന്‍ഡിഗോ ബ്ലൂ, ബ്ലേഡ് സില്‍വര്‍, പേള്‍ വൈറ്റ് എന്നിവയാണ് ഇതില്‍ വരുന്നത്.
◾ ഇതുവരെ കേട്ട കഥകളൊന്നും കഥകളേയില്ല. ഇതുവരെ അറിഞ്ഞ സംഭവങ്ങളൊന്നും സംഭവങ്ങളുമല്ല. കാഴ്ചയ്ക്കും കേള്‍വിക്കും അനുഭവങ്ങള്‍ക്കും അപ്പുറം കാണാത്ത ഒരു ലോകമുണ്ട്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ എത്തിനില്‍ക്കുന്നത് വിസ്മയം ജനിപ്പിക്കുന്ന ആ ലോകത്തിലായിരിക്കും. കഥകളേയും അതിലംഘിക്കുന്നവയാണ് യാഥാര്‍ത്ഥ്യ ങ്ങളെന്ന തിരിച്ചറിവിലായിരിക്കും. 'ആരും പറയാത്ത കഥകള്‍'. വിനായക് നിര്‍മ്മല്‍. സൈകതം ബുക്സ്. വില 313 രൂപ.
◾ വൃക്ക രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങുമ്പോള്‍ പലരും അത് ആദ്യഘട്ടത്തില്‍ തിരിച്ചറിയാറില്ല. കാരണം, തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ ചെറിയതോ മറ്റ് ആരോഗ്യപ്രശ്നങ്ങളോട് സാമ്യമുള്ളതോ ആയിരിക്കും. അതുകൊണ്ട് ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ തകരാര്‍ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചര്‍മത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. വൃക്ക, കരള്‍, ഹൃദയം എന്നിവ തകരാറിലാകുന്നതിന്റെ സൂചനയാണ് കാലുകളിലും കാല്‍വണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്നം കാരണം ശരീരത്തില്‍ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്. ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കില്‍ അത് അവഗണിക്കേണ്ട കാര്യമല്ല. ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. വൃക്കകള്‍ തകരാറിലാകുന്നതാണ് ഇതിന് കാരണം. അടിക്കടി മൂത്രമൊഴിക്കാനന്‍ തോന്നുന്നത് വൃക്കരോഗ ലക്ഷണമാണ്. രാത്രിയിലായിരിക്കും ഈ പ്രവണത കൂടുതല്‍ അനുഭവപ്പെടുക. വൃക്കകളിലെ അരിപ്പകള്‍ക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണം. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്നങ്ങളും അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതിന് കാരണമാകാറുണ്ട്. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാതാകുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ ശരീരം ആഗീരണം ചെയ്യുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകള്‍ക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. അതുകൊണ്ടുതന്നെ മൂത്രത്തില്‍ പ്രോട്ടീന്‍ സാന്നിധ്യമുണ്ടാകുന്നതും കണ്ണുകള്‍ക്ക് ചുറ്റുമുള്ള തടിപ്പും വൃക്കരോഗ ലക്ഷണമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അച്ഛനും മകനും ദൂരയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴുതപ്പുറത്ത് ധാരാളം സാധനങ്ങളും കയറ്റിയിട്ടുണ്ട്. വഴിയില്‍ കഴുത വീണ് കാലൊടിഞ്ഞു. ഇനിയെങ്ങനെ സാധനങ്ങള്‍ ചുമക്കുമെന്ന് മകന്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു: സംഭവിച്ചതു ചിലപ്പോള്‍ നല്ലതിനായിരിക്കും എന്നും പറഞ്ഞ് ഭാണ്ഡക്കെട്ടുമെടുത്ത് അയാള്‍ നടന്നു. കുറച്ച് നടന്നതിന് ശേഷം ഒരു കല്ലില്‍ തട്ടി വീണ് അച്ഛന്റെ കൈക്ക് പരിക്കുപറ്റി. അപ്പോഴും അദ്ദേഹം പറഞ്ഞു: ചിലപ്പോള്‍ നല്ലതിനായിരിക്കും.. ഭാണ്ഡക്കെട്ട് ചുമലിലേറ്റി മകനും കൂടെ അച്ഛനും നടന്നു ക്ഷീണം മൂലം വിശ്രമിക്കാനിരുന്നപ്പോള്‍ മകന്റെ കാലില്‍ തേള്‍ കുത്തി. വേദനകൊണ്ട് പുളഞ്ഞ അവന്‍ അച്ഛനോട് ചോദിച്ചു: ഇതും നല്ലതിനാണോ അച്ഛാ.. അദ്ദേഹം ചിരിച്ചു. മരുന്ന് വെച്ച് പിറ്റേന്ന് യാത്ര തുടര്‍ന്നു. രണ്ടു ദിവസം കഴിഞ്ഞ് തങ്ങളുടെ ഗ്രാമത്തിലെത്തിയ അവര്‍ ഞെട്ടിപ്പോയി. ഭൂകമ്പത്തില്‍ ആ പ്രദേശം മൊത്തം നശിച്ചുപോയിരുന്നു. അപ്പോള്‍ മകന്‍ അച്ഛനെ നോക്കി പറഞ്ഞു: നല്ലതിനായിരുന്നു അല്ലേ.. അച്ഛന്‍ അപ്പോഴും ചിരിച്ചു. അര്‍ത്ഥം പോലും പിടികിട്ടാതെ സംഭവിക്കുന്ന കാര്യങ്ങളാണ് ജീവിത്തിന്റെ ആഴം തീരുമാനിക്കുന്നത്. ജനനത്തിലായാലും മരണത്തിലായാലും, ആര്‍ക്കും വിശദീകരണം നല്‍കാന്‍ സാധിക്കില്ല.. അനുദിന സംഭവങ്ങളെല്ലാം അതിന്റേതായ സാഹചര്യത്തില്‍ ഉടലെടുക്കുന്നതാണ്. പ്രകൃതിക്കോ, പരിസ്ഥിതക്കോ ആരേയും ഉപദ്രവിക്കണമെന്ന് ഉദ്ദേശമുണ്ടാകില്ല. സംഭവിക്കുന്നവക്കെല്ലാം ഓരോരുത്തരും നല്‍കുന്ന വിശദീകരണങ്ങളാണ് അവരുടെ ജീവിതം തീരുമാനിക്കുന്നത്. എല്ലാ ദുരന്തങ്ങളും ശിക്ഷകാണമെന്നില്ല. ചിലതു രക്ഷയാകാം. പക്ഷേ, അവയൊന്നും അപ്പോള്‍ മനസ്സിലാകണമെന്നില്ല.. പിന്നീട് സഞ്ചരിക്കുന്ന വഴികളില്‍ ഇവയുടെ പ്രതിധ്വനിയുണ്ടാകുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാവുക.. അതെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ് - ശുഭദിനം.
