കർഷകദിനം വിപുലമായി ആചരിച്ചു;മികച്ച കർഷകരെ ആദരിച്ചു


കട്ടിപ്പാറ: മലയാളികളുടെ കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലുമായി ചിങ്ങം ഒന്നിന് കട്ടിപ്പാറ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആചരിച്ചു. പഞ്ചായത്ത്  ഹാളിൽ നടന്ന  ചടങ്ങ്  എം.എൽ.എ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ​മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രഥമ കടമയാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവും വിപണിയിലെ പ്രതിസന്ധികളും തരണം ചെയ്യാൻ പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഹൈടെക് കൃഷിരീതികളും കർഷകർ പ്രയോജനപ്പെടുത്തണം. പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലൂടെ കാർഷിക വരുമാനം വർദ്ധിപ്പിക്കാനും പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകൾ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
​കാർഷിക മേഖലയിലെ സമഗ്ര സംഭാവനകളെ മാനിച്ച് പ്രദേശത്തെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന കർഷകനായി അബ്ദുള്ള കോയ ഹാജി ചിങ്ങണാംപൊയിൽ, മികച്ച വനിതാ കർഷകയായി ഷിൻസി ജോഷി മണിമല, മികച്ച സമ്മിശ്ര കർഷകനായി വേലായുധൻ മരുതാടൻ, യുവ കർഷകനായി , വിദ്യാർത്ഥി കർഷകനായി ലാസിൻ സമൽ, ജൈവ കർഷകനായി തോമസ് പൂവ്വത്തോലിൽ, മികച്ച ക്ഷീര കർഷകയായി സൗമിനി എട്ടേക്ര,മികച്ച യുവ കർഷകനായി മൃദുൽ ഷാജു,മികച്ച കർഷക തൊഴിലാളിയായി സ്വാമി പ്ലാക്കൂട്ടത്തിൽ, മികച്ച തെങ്ങ് കയറ്റ തൊഴിലാളിയായി കൃഷ്ണൻകുട്ടി തുരുത്തിപ്പള്ളിൽ, മികച്ച നെൽകർഷകനായി മുസ്തഫ.വി.എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വിജയികളായ കർഷകർക്ക് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ചേർന്ന് പൊന്നാടയണിയിക്കുകയും  ഫലകവും നൽകി ആദരിക്കുകയും ചെയ്തു.
​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രേംജി ജെയിംസ്,ജില്ല പഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജംഷീന.  വി.കെ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിം ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൂഫിറ.പി.എസ്, കൃഷി ഓഫീസർ ഷിരൺ.കെ.ആർ, പഞ്ചായത്ത് സെക്രട്ടറി നൗഷാദലി എം.പി,വാർഡ് മെമ്പർമാരായ ജംസീന അസീസ്, സഫിയ അബൂബക്കർ, നസീമ അസീസ്, നജ്മ റഷീദ്,വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളായ എ.കെ.അബൂബക്കർ കുട്ടി, മുഹമ്മദ് റിഫായത്ത്, ഷാൻ മാസ്റ്റർ കട്ടിപ്പാറ, സലീം പുല്ലടി, ഹാരിസ് അമ്പായത്തോട് ബാബു വി.പി, രാജു തുരുത്തിപ്പള്ളി,സജി മണിമല എന്നിവർ ആശംസകൾ നേർന്നു.
​ കൃഷി അസിസ്റ്റന്റ് സാറ.ടി.പി ചടങ്ങിന് നന്ദി പറഞ്ഞു. പ്രദേശത്തെ നിരവധി കർഷകരും, ജനപ്രതിനിധികളും, പൊതുപ്രവർത്തകരും,നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.