സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. നിലവിൽ വൈദ്യുതി ആവശ്യകതയിൽ 700 മുതൽ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ഭാഗിക നിയന്ത്രണത്തിന് സാധ്യത.
ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് ആശ്വാസമായിരുന്നു. ഗ്രിഡിൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.
