കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ പേവിഷവിമുക്ത കേരളം പദ്ധതിക്ക് തുടക്കം

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ‘പേവിഷവിമുക്ത കേരളം’ പദ്ധതിക്ക് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ  ജംഷീന വി. കെ. നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ. ഷാഹിം ഹാജി, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ  സുഫീറ പി. എസ്., വാർഡ് മെമ്പർ  ജംസീന അസീസ് തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ആശാ വർക്കർമാർക്കായി പേവിഷബാധ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പേവിഷബാധയുടെ പ്രതിരോധം, നായ്ക്കളുടെയും പൂച്ചകളുടെയും വാക്സിനേഷൻ, മനുഷ്യരിലേക്കുള്ള രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ, കടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നൽകി.

ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രതിരോധ കുത്തിവെപ്പിനായി അരുമ പൂച്ചകളെയും നായ്ക്കളെയും വളർത്തുന്നവർ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.