വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; ദമ്പതികൾക്ക് പരിക്ക്

​ബാലുശ്ശേരി: കനത്ത മഴയ്ക്കിടെ വീടിന് മുകളിലേക്ക് പ്ലാവും കമുകും കടപുഴകി വീണ് വീട്  തകർന്നു. പനങ്ങാട് കൈതച്ചാൽ കാപ്പിയിൽ ഭാസ്ക്‌കരന്റെ വീടാണ് തകർന്നത്. അപകടത്തിൽ ഭാസ്‌കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​
തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. വീടിന് പിറകുവശത്തെ പറമ്പിലുണ്ടായിരുന്ന പ്ലാവും കമുകും ശക്തമായ കാറ്റിൽ കടപുഴകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
​മരം വീണതിനെ തുടർന്ന് വീടിന്റെ ഓടുകളും മേൽക്കൂരയും പൂർണ്ണമായി തകർന്നു വീണു. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.