റാഗിങ്: പരാതി ലഭിച്ചാൽ ഉടന്‍ സസ്‌പെന്‍ഷൻ

കൊച്ചി: റാഗിങ് സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ പൊലിസിന് കൈമാറണമെന്നും പരാതി ലഭിച്ചാലുടന്‍ ആരോപണവിധേയരായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹൈക്കോടതി. ഇക്കാര്യങ്ങൾ നിര്‍ബന്ധമാക്കുന്ന 'ആന്റി-റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഗൈഡ്‌ലൈന്‍സ്'  രണ്ടാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നൽകി. 
റാഗിങ് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റി  സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. ഭേദഗതി വരുത്തിയ നിയമം നിലവില്‍വരുന്നത് വരെ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ താല്‍ക്കാലിക നടപടിയായി നടപ്പിലാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ആന്റി-റാഗിങ് കമ്മിറ്റി, ആന്റി-റാഗിങ് സ്‌ക്വാഡ്, സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന വെല്‍നസ് ക്ലിനിക്ക് അല്ലെങ്കില്‍ കൗണ്‍സലിങ് സെല്‍, ടാസ്‌ക് ഫോഴ്‌സ് എന്നിവ ഉണ്ടായിരിക്കണമെന്ന് 2026ലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുശാസിക്കുന്നു. അതുപോലെ, സർവകലാശാലകള്‍ ആന്റി-റാഗിങ് മോണിറ്ററിങ് സെല്ലുകള്‍ സ്ഥാപിക്കണം. സംസ്ഥാന തലത്തില്‍ കേരള സ്റ്റേറ്റ് ആന്റി-റാഗിങ് മോണിറ്ററിങ് സെല്‍ അല്ലെങ്കില്‍ ആന്റി-റാഗിങ് കമ്മിഷന്‍ എന്നിവയും പ്രവര്‍ത്തിക്കണം. 
അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ 'ക്വാറന്റൈന്‍' കാലയളവ് വേണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. അധ്യയനവര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ കാംപസിലെ റാഗിങ് വിഷയങ്ങളെക്കുറിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതിനുശേഷം സംസ്ഥാനതല മോണിറ്ററിങ്  സെല്ലിനോ ആന്റി-റാഗിങ് കമ്മിഷനോ പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് ബാധ്യതയുണ്ട്.
പുതിയ വിദ്യാര്‍ഥികളെ ശാരീരിക സവിശേഷതകളുടെ പേരില്‍ പരിഹസിക്കുക, കളിയാക്കുക, അധിക്ഷേപിക്കുക എന്നിവയും ഈ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ വരുന്നു. പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളിലും വാഹനങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന സ്ഥലങ്ങളിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് കുറ്റകരമാണ്. റാഗിങ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വിദ്യാര്‍ഥിയെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുശാസിക്കുന്നു.
റാഗിങ്ങിനിരയാകുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. റാഗിങ് സംബന്ധിച്ച പരാതിയില്‍ വിദ്യാഭ്യാസ സ്ഥാപന മേധാവി നടപടി സ്വീകരിക്കാതിരിക്കുകയോ പരാതി മറച്ചുവയ്ക്കുകയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അവര്‍ റാഗിങ് കുറ്റകൃത്യത്തിന് കൂട്ടുനിന്നതായി കണക്കാക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു