ഡൽഹിയിൽ പ്രതിഷേധം ഇരമ്പുന്നു; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒൻപത് മണിക്കൂറോളം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. പ്രിയങ്കാ ഗാന്ധി എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി.
ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേതാക്കളോട് പ്രതിഷേധ സ്ഥലത്ത് നിന്നും ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമെ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും പ്രതിഷേധക്കാരും. തുടർന്ന് ആദ്യം എംപിമാരെയും പിന്നീട് രാഹുലിനെയും പ്രിയങ്കയെയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
പൊലീസ് വാനിൽ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി. പൊലീസിന്‍റെ ബലപ്രയോഗത്തിന് നേരെ രാഹുൽ പ്രതിരോധം തീർക്കുകയാണ്.
