എസ് എം എ ബാധിച്ച മൂന്നു കുട്ടികൾക്ക് 59 ലക്ഷം രൂപ കൈമാറി; വ്യാപാരികളുടെ സഹായം ഒരു കോടി കവിഞ്ഞു
കോഴിക്കോട്: എസ് എം എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗം ബാധിച്ച മൂന്നു കുട്ടികളുടെ ചികിത്സയ്ക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. നവംബർ 21 ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ വിവിധ യൂണിറ്റുകളിലെ വ്യാപാരികളിൽ നിന്ന് സമാഹരിച്ച 59,00,505 രൂപയാണ് ഇന്ന് കോഴിക്കോട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കൈമാറിയത്.
ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജിയിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി ഫാദർ സിബിൻ കിളിയും പറമ്പിൽ തുക ഏറ്റുവാങ്ങി.
ഇതിനകം തന്നെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് സംഘടന കുട്ടികൾക്ക് വലിയ ധനസഹായം എത്തിച്ചു നൽകിയിരുന്നു. നേരത്തെ കൈമാറിയതുൾപ്പെടെ വ്യാപാരികൾ ഇതുവരെ നൽകിയ തുക ഒരു കോടി രൂപ കവിയും.
ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തുക സമാഹരിക്കാൻ സംഘടനയ്ക്ക് സാധിച്ചത്, പിഞ്ചുകുഞ്ഞുങ്ങളുടെ രോഗാവസ്ഥ വ്യാപാരികളെ ആഴത്തിൽ വേദനിപ്പിച്ചതിന്റെ തെളിവാണെന്ന് പി കെ ബാപ്പു ഹാജി യോഗത്തിൽ പറഞ്ഞു.
കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്, ട്രഷറർ ബാബു കൈലാസ്, സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര, ഏറത്ത് ഇഖ്ബാൽ, അമീർ മുഹമ്മദ് ഷാജി, എം ബാബുമോൻ, മനാഫ് കാപ്പാട്, വി സുനിൽകുമാർ, യു അബ്ദുറഹ്മാൻ, കെ എം ഹനീഫ, കെ പി മൊയ്തീൻ കോയ ഹാജി, എ കെ മൻസൂർ, എം കെ ഗംഗാധരൻ നായർ, രാജൻ കാന്തപുരം, നാസർ മാവൂരാൻ, എം കെ ഇഖ്ബാൽ, ഷംസുദ്ദീൻ എളേറ്റിൽ, ചികിത്സാ കമ്മിറ്റി അംഗങ്ങളായ ഹനീഫ് മുഹമ്മദ്, ഷാഹിർ മാസ്റ്റർ, ജിൽസ് പെരിഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
