മലപ്പുറത്ത് 76 ‘കുട്ടി ഡ്രൈവർമാർ’ പിടിയിൽ; രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും, മഫ്തിയിൽ പൊലീസിന്റെ പരിശോധന


മലപ്പുറം: ലൈസൻസില്ലാതെ വാഹനമോടിച്ച 76 കുട്ടി ഡ്രൈവർമാർ മലപ്പുറത്ത് പൊലീസ് പിടിയിൽ. രണ്ട് ദിവസമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിലായത്. സ്കൂളുകളിലേക്ക് ഇരുചക്ര വാഹനങ്ങളിൽ എത്തിയവരാണ് പിടിയിലായവരിൽ കൂടുതലും.

പൊലീസ് മഫ്തിയിലെത്തിയാണ് പരിശോധന നടത്തിയത്. പിടിയിലായ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകിയ രക്ഷിതാക്കളെയാണ് നിയമനടപടികൾക്ക് വിധേയരാക്കുക.

ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിൽ പ്രത്യേക പരിശോധന ആരംഭിച്ചത്. കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.