'ലീഗ് സമരത്തിന് വന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാല്ലെന്ന് പറഞ്ഞവര്‍ നിലപാട് മാറ്റി'; വഖഫ് വിഷയത്തില്‍ പിഎംഎ സലാം
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമെന്ന് മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വഖഫ് വിഷയത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നില്‍ നിര്‍ദേശങ്ങള്‍ വച്ചിരുന്നു. എന്നാല്‍ അനങ്ങാപ്പാറ നയം ആയിരുന്നു അപ്പോള്‍ സ്വീകരിച്ചത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അനീതിയാണ് മുഖ്യമന്ത്രി സമുദായത്തോട് കാണിച്ചത്. അതിലെ അവസാനത്തെ ഉദാഹരണമാണ് വഖഫ് പിഎസ്‌സി നിയമനം എന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
വഖഫ് വിഷയത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ലീഗ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ധിക്കാരവും ധാഷ്ഠ്യത്തോടെയാണ് വഖഫ് ചുമതലയുള്ള മന്ത്രി പോലും നിലപാട് എടുത്തത്. മുസ്ലീം ലീഗ് സമര പ്രഖ്യാപനം നടത്തിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ചര്‍ച്ച തങ്ങളെ ബാധിക്കില്ല. നിയമ സഭയില്‍ പാസാക്കിയ നിയമാണ്. അത് നടപ്പാക്കില്ലെന്ന വാക്കുകളില്‍ വിശ്വാസമില്ല. നിയമസഭ ഏകപക്ഷീയമായി പാസാക്കിയ നിയമം റദ്ദാക്കണം അതുവരെ മുസ്ലീം ലീഗ് സമര രംഗത്ത് തുടരും. മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമില്ല. സിഎഎ കേസുകള്‍ പിന്‍വലിക്കല്‍, സാമ്പത്തിക സംവരണം, സച്ചാര്‍ കമ്മിറ്റി, മലബാറിലെ പ്ലസ്ടു സീറ്റുകള്‍ എന്നിവയിലൊന്നും മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. മറ്റൊരു ഒത്തൂതീര്‍പ്പിനും ഇല്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
മുസ്ലീം ലീഗ് സമര രംഗത്തേക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ചര്‍ച്ചയ്ച്ച് വിളിച്ചു അത് സ്വാഗതാര്‍ഹമാണ്. ചര്‍ച്ചപോലും ഇല്ലെന്ന് അറിയിച്ചവര്‍ ചര്‍ച്ചയ്ക്ക് വന്നു എന്നത് സ്വാഗതാര്‍ഹമാണ്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം വിജയിച്ചതായും മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ കുതന്ത്രം വിലപ്പോകില്ലെന്നും മതസംഘടനകളെ നന്നായി ഉപയോഗിക്കാനുള്ള കൗശലം പിണറായി വിജയനുണ്ടെന്നും എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ്. തീരുമാനം മരവിപ്പിച്ചു എന്ന് പറയുമ്പോഴും അത് സംബന്ധിച്ച ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമസഭയില്‍ പാസാക്കിയ ഒരു വിഷയമായതിനാല്‍ അത് പരിപൂര്‍ണ്ണമായി പിന്‍വലിക്കേണ്ടത് അത്യാവശ്യമാണ്. ഉത്തരവ് പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പിന്‍വലിച്ചതു പോലെ വഖഫ് നിയമം പിഎസ്‌സിയ്ക്ക് വിടാന്‍ തീരുമാനിച്ച നിലപാടില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. ഉത്തരവ് നിയമസഭയില്‍ വെച്ചുതന്നെ പിന്‍വലിക്കണം.' വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. എല്ലാം മുസ്ലീം സംഘടനകളും ഇതിന് എതിരാണ്. ആ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മുസീം ലീഗ് പ്രഖ്യാപിച്ചിരുന്ന വഖഫ് സംരക്ഷണ റാലി വ്യാഴാഴ്ച്ച കോഴിക്കോട് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വഖഫ് നിയമന തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സമസ്ത കേരള ജമിയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വഖഫ് വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്ത ഉയര്‍ത്തിയ പ്രധാന ആവശ്യം.
വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നുമായിരന്നു ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍