ഹെൽമറ്റും ലൈറ്റും നൽകി നാട്ടുകാർ; വയർലെസ് സന്ദേശം പാഞ്ഞു; കുതിച്ചെത്തി പൊലീസ്


ശനിയാഴ്ച രാത്രി 11.00: കിറ്റെക്സ് ഗാർമെന്റ്സിലെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തു പ്രശ്നങ്ങളുടെ തുടക്കം. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം വഷളാകുന്നു. അക്രമികൾ തെരുവിലിറങ്ങുന്നു

ഞായറാഴ്ച പുലർച്ചെ 12.30: വിവരമറിഞ്ഞു കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നു. ഇതോടെ തമ്മിൽത്തല്ലിക്കൊണ്ടിരുന്ന അതിഥിത്തൊഴിലാളികൾ പൊലീസിനു നേരെ തിരിയുന്നു.

രാത്രി 01.00: നാൽപതിലേറെപ്പേരടങ്ങുന്ന അക്രമി സംഘം പൊലീസിനെ വളഞ്ഞിട്ടു മർദിക്കുന്നു. വാഹനങ്ങൾ തകർക്കുകയും ജീപ്പിനു തീയിടുകയും ചെയ്യുന്നു.

പുലർച്ചെ 03.00: റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുന്നു. ക്യാംപിൽനിന്നുള്ള പൊലീസുകാരും രംഗത്ത്.

രാവിലെ 06.00: സ്ഥിതിഗതികൾ നിയന്ത്രണ വിധേയം. നൂറ്റൻപതിലേറെ അതിഥിത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു മാറ്റുന്നു. കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്തു വിന്യസിക്കുന്നു.

അക്രമിസംഘത്തിന് ഇടയിൽപ്പെട്ടു പോയതിനാൽ എങ്ങോട്ടോടി രക്ഷപ്പെടണമെന്നു പോലുമറിയാതെ പൊലീസുകാർ. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പലരും തലയ്ക്കും കൈക്കും ഏറു കൊണ്ടു മുറിവേറ്റു നിലത്തുവീണു. ഏറു തടയാനുള്ള ഷീൽ‍‍ഡ് കയ്യിലുണ്ടായിരുന്നില്ല. ജീപ്പിന്റെ ചില്ലുകൾ കല്ലും വടിയും ഉപയോഗിച്ചു തല്ലിത്തകർക്കുകയായിരുന്നു ഒരു സംഘം.

ഉള്ളിലുള്ള പൊലീസുകാർ പുറത്തിറങ്ങി രക്ഷപ്പെടാതിരിക്കാൻ നാൽപതോളം വരുന്ന അക്രമികൾ ഡോറിൽ ചവിട്ടിപ്പിടിച്ചു നിന്നു. ചില്ലു തകർത്ത ശേഷം ഉള്ളിലേക്കു കയ്യിട്ടും പൊലീസുകാരെ മർദിച്ചു. കുറെ തൊഴിലാളികൾ വാഹനത്തിനു മുകളിൽ കയറി നിന്നു. ചിലർ സംഭവമെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ചാണു പൊലീസുകാർ പുറത്തിറങ്ങിയത്. ഇവരെ തൊഴിലാളികൾ വീണ്ടും വളഞ്ഞിട്ടു മർദിച്ചു. പൊലീസുകാരെ ജീപ്പിനുള്ളിലിട്ടു തീ കൊളുത്താൻ പോലും അവർ മടിക്കില്ലായിരുന്നുവെന്നു തോന്നി.

രാത്രി 11ന് നടന്ന സംഭവമറിഞ്ഞ് ആദ്യമെത്തിയ കൺട്രോൾ റൂം വാഹനം തൊഴിലാളികൾ തല്ലിത്തകർത്തതോടെയാണു കുന്നത്തുനാടു സ്റ്റേഷനിലെ വിരലിലെണ്ണാവുന്നത്ര ഉദ്യോഗസ്ഥർ ഉടൻ കിറ്റെക്സിനു മുൻപിലെത്തിയത്. ഒട്ടേറെ പൊലീസുകാർ ക്രിസ്മസ് അവധിയിലായിരുന്നു. അക്രമം തടയാൻ ശ്രമിച്ചതോടെ നാൽപതോളം തൊഴിലാളികൾ പൊലീസിനു നേരെ തിരിഞ്ഞു. തമ്മിൽത്തല്ലിക്കൊണ്ടിരുന്ന ഇരുവിഭാഗവും പൊലീസിനെ ആക്രമിക്കാനെത്തി. ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങിയോടി മിനിറ്റുകൾക്കുള്ളിലാണ് അക്രമികൾ അതിനു തീകൊളുത്തിയത്.

ഹെൽമറ്റും ലൈറ്റും നൽകി നാട്ടുകാർ

ശക്തമായ കല്ലേറിൽ പൊലീസിനു തുണയായതു നാട്ടുകാരുടെ ഹെൽമറ്റുകൾ. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാൽ ടോർച്ചുകളുൾപ്പെടെ നൽകിയും നാട്ടുകാർ പൊലീസിനു കൈത്താങ്ങായി. അക്രമം പ്രതീക്ഷിക്കാതെയെത്തിയതിനാൽ ഷീൽഡും ഹെൽമറ്റും ഫൈബർ ലാത്തിയുമുൾപ്പെടെ സംഘർഷം നേരിടാനുള്ള സാമഗ്രികളൊന്നും പൊലീസിന്റെ കയ്യിലുണ്ടായിരുന്നില്ല. കല്ലുകൾ ചീറിയെത്തിയതോടെ പകച്ച പൊലീസിനു നാട്ടുകാർ ഹെൽമറ്റ് നൽകിയതോടെയാണ് അപകടം ഒഴിവാക്കാനാ‍യത്. തലയ്ക്കുള്ള ഏറിൽനിന്ന് ഒരു പരിധിവരെ സാധാരണ ഹെൽമറ്റുകൾ രക്ഷയൊരുക്കി.

നാട്ടുകാരെയും വെറുതെവിട്ടില്ല...

അക്രമം നടക്കുന്നതു ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാരെയും വെറുതെവിട്ടില്ല. നാട്ടുകാർക്കും വീടുകൾക്കും നേരെ കല്ലേറുണ്ടായി. നാട്ടുകാരുടെ മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്തു. പൊലീസുകാരെ ആക്രമിക്കുന്നതു കണ്ട നാട്ടുകാരൻ വിളിച്ചറിയിച്ചതോടെയാണു സംഭവത്തിന്റെ ഗൗരവം കൺട്രോൾ റൂമിലുള്ളവർക്കും മനസ്സിലായത്. ഇതോടെ സമീപ സ്റ്റേഷനുകളിലേക്കു വയർലെസ് സന്ദേശങ്ങൾ പാഞ്ഞു. കൂടുതൽ വാഹനങ്ങളും പൊലീസുകാരും സംഘർഷ സ്ഥലത്തേക്കു പാഞ്ഞെത്തി.

എന്നാൽ, ഇവർക്കും നിയന്ത്രണ വിധേയരാക്കാൻ കഴിയാത്തവിധം അഴിഞ്ഞാടുകയായിരുന്നു തൊഴിലാളികൾ. ഇവരിലേറെയും ലഹരിയിലുമായിരുന്നു. സംഭവം കൈവിട്ടു പോയെന്നു തിരിച്ചറിഞ്ഞതോടെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർ വൈകാതെ രംഗത്തിറങ്ങി. മറുഭാഗത്തു തൊഴിലാളികളും റോഡിൽ സംഘടിച്ചു നിന്നതിനാൽ ആദ്യം പൊലീസുകാർ നടപടിയിലേക്കു കടന്നില്ല. പുലർച്ചെ 5ന് ക്യാംപിൽനിന്നുള്ള കൂടുതൽ പൊലീസുകാർ രംഗത്തെത്തി. തുടർന്നു പൊലീസുകാർ അക്രമികളോടു കീഴടങ്ങാനാവശ്യപ്പെട്ടു.

എന്നാൽ, ഇതിനു വഴങ്ങാതെ ക്വാർട്ടേഴ്സുകളിലേക്കു പിൻവാങ്ങുകയായിരുന്നു തൊഴിലാളികൾ. പിന്നാലെ, തൊഴിലാളി ക്യാംപിലേക്കു കടന്നുകയറി പൊലീസിന്റെ ‘ആക്‌ഷൻ’ ആരംഭിച്ചു. പൊലീസിനു നേരെ വീണ്ടും അക്രമത്തിനു തുനിഞ്ഞവർക്കു പൊതിരെ കിട്ടിയതോടെ തൊഴിലാളികൾ പ്രതിരോധത്തിലായി. ചിലർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ മുറികൾക്കുള്ളിൽനിന്നു പൊലീസുകാർ പിടികൂടി വാഹനങ്ങളിലേക്കു മാറ്റി. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ആയുധങ്ങളോ ലഹരിവസ്തുക്കളോ ഉണ്ടോയെന്നറിയാൻ പൊലീസ് പരിശോധനയും നടത്തി. പാതിരാത്രി ആരംഭിച്ച അക്രമം ആറു മണിക്കൂറിനു ശേഷമാണ് അടിച്ചമർത്താൻ പൊലീസിനായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. അന്യ സംസ്ഥാന
    തൊഴിലാളികൾ നമ്മുടെ പോലീസിനെ
    മർദ്ദിക്കുകയോ...
    ഒരു കാരണവശാലും ആ ക്രമിനലുകളെ
    വെറുതെ വിടരുത്.ഖഠിന
    ശിക്ഷ കൊടുക്കണം.

    മറുപടിഇല്ലാതാക്കൂ